03:07pm 10 October 2026
NEWS
വീട്ടിലെ വരാന്തയിൽ തലയിടിച്ച് വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം
10/10/2026  07:02 AM IST
nila
വീട്ടിലെ വരാന്തയിൽ തലയിടിച്ച് വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടിലെ വരാന്തയിൽ വീണ് തലയ്ക്ക് പരിക്കേറ്റ രണ്ട് വയസുകാരൻ മരിച്ചു. വളയം സ്വദേശികളായ ജിതിൻ–ബിജിഷ ദമ്പതികളുടെ മകൻ യവിൻ യുവിക് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.

വരാന്തയിൽ വീണ് തലയിടിച്ച കുട്ടി ആദ്യം അൽപനേരം കരഞ്ഞിരുന്നു. പിന്നീട് മയങ്ങിപ്പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും ഉണരാതിരുന്നതോടെ വീട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് വിളിച്ചുനോക്കിയപ്പോഴാണ് കുട്ടി അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അത്വിക് ആണ് സഹോദരൻ.

കുട്ടികൾ തലയിടിച്ചു വീണാൽ നിസ്സാരമായി കാണരുത്

കളിക്കുന്നതിനിടയിലോ മറ്റോ കുട്ടികൾ തലയിടിച്ചു വീഴുന്നത് സാധാരണമാണ്. എന്നാൽ വീഴ്ചയ്ക്കു പിന്നാലെ കുട്ടിയുടെ പെരുമാറ്റത്തിലോ ബോധനിലയിലോ മാറ്റം കാണുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. തുടർച്ചയായ ഛർദി, അമിതമായ മയക്കം, ഉണർത്താൻ പ്രയാസം, കടുത്ത തലവേദന, അപസ്മാരം, അബോധാവസ്ഥ, മൂക്കിലൂടെയോ ചെവിയിലൂടെയോ രക്തസ്രാവം, കാഴ്ചയിലെ വ്യതിയാനം, ഓർമക്കുറവ്, കൈകാലുകൾക്ക് ബലക്കുറവ് എന്നിവ ഗുരുതരമായ പരിക്കിന്റെ സൂചനകളാകാം.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സമയം കളയാതെ കുട്ടിയെ ആശുപത്രിയിലെത്തിക്കണം. ആവശ്യമായ പരിശോധനകൾക്കും സിടി സ്കാൻ ഉൾപ്പെടെയുള്ള ചികിത്സാനടപടികൾക്കും ഡോക്ടറുടെ നിർദേശം തേടണം.

തലയിടിച്ച കുട്ടിക്ക് ഛർദിയുണ്ടെങ്കിൽ ശ്വാസതടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കഴുത്തിനോ നട്ടെല്ലിനോ പരിക്കുണ്ടെന്ന് സംശയമുണ്ടെങ്കിൽ കുട്ടിയെ അനാവശ്യമായി ചലിപ്പിക്കരുത്. തലയിൽ മുറിവുണ്ടെങ്കിൽ വൃത്തിയുള്ള തുണികൊണ്ട് മൃദുവായി സമ്മർദം നൽകാം. വീക്കമുണ്ടെങ്കിൽ തുണിയിൽ പൊതിഞ്ഞ ഐസ് പാക്ക് ഉപയോഗിക്കാം. വീക്കം ശക്തിയായി തിരുമ്മുന്നത് ഒഴിവാക്കണം.

വീണതിന് പിന്നാലെ കുട്ടി കരഞ്ഞുവെന്നത് മാത്രം ആശ്വാസത്തിന് മതിയാകില്ല. ബോധനിലയിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയും അപകടസൂചനകൾ കണ്ടാൽ അടിയന്തര ചികിത്സ ഉറപ്പാക്കുകയും വേണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img